April 17, 2016

All Quiet On The Western Front (1930)




All Quiet On The Western Front
(പടിഞ്ഞാറെ മുന്നണിയില്‍ എല്ലാം ശാന്തമാണ്)

എറിക് മരിയ റിമാര്‍ക്കിന്റെ All Quiet On Western Front എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് അതേ പേരിലുള്ള സിനിമ.  പല കാലഘട്ടങ്ങളില്‍ നാടകമായും ടെലി സീരിയലായും ചലച്ചിത്രമായും പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും  1930 ല്‍ ലൂയിസ് മൈല്‍സ്റ്റോണ്‍ സംവിധാനം ചെയ്ത്, നിര്‍മ്മാണത്തിനും സംവിധാനത്തിനുമുള്ള രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രഥമ ദൃശ്യാവിഷ്കാരമാണ് ഏറ്റവും ശേഷ്ഠമായി കണക്കാക്കപ്പെടുന്നത്. ചിത്രം മുന്നോട്ടുവെക്കുന്ന യുദ്ധവിരുദ്ധ സന്ദേശങ്ങള്‍കൊണ്ടും കാലത്തെ അതിജീവിക്കുന്ന സാങ്കേതികതികവുകൊണ്ടും ലോക ക്ലാസ്സിക്കുകളുടെ ഗണത്തില്‍ ഇത് സ്ഥാനം പിടിക്കുന്നു.  
ഒന്നാംലോക മഹായുദ്ധകാലത്തെ ജര്‍മ്മനി. ദേശസ്നേഹത്തെക്കുറിച്ചുള്ള അധ്യാപകന്റെ പ്രഭാഷണം കേട്ട് ആവേശോജ്വലരായ ഒരു പറ്റം സ്കൂള്‍കുട്ടികള്‍  തങ്ങളുടെ ക്ലാസ് റൂം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരുന്നു. ചുരുങ്ങിയ കാലം മാത്രം പരിശീലനം നല്‍കി പെട്ടന്നുതന്നെ ഇവരെ പോര്‍മുഖത്തേക്ക് അയക്കുകയാണ്. യുദ്ധമെന്താണെന്നോ അതിന്റെ ഭീകരത എത്ര വലുതാണെന്നോ അറിയാത്ത കുട്ടികള്‍, അവരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സ്വയം എടുത്തുചാടിയ പടുകുഴിയില്‍ നിന്നുകൊണ്ട് അവര്‍ ജീവിതത്തെ നോക്കിക്കാണുകയാണ്.
പോള്‍ എന്ന കൌമാരക്കാരന്റെ കണ്ണിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ ലോകം, അയാള്‍ക്ക് ചുറ്റുമുള്ളവരുടെ ലോകം. പതിനെട്ടാം വയസ്സില്‍, വെറും രണ്ടുവര്‍ഷത്തെ യുദ്ധാനുഭവം കൊണ്ട് തങ്ങള്‍ വൃദ്ധന്മാരായി എന്നവര്‍ പറയുന്നു. മുന്നണിയില്‍ നിന്നൊരു മടങ്ങിപ്പോക്ക് അസാധ്യമായ, ചിത്രശലഭത്തെപ്പോലെ ക്ഷണികമായ സൈനിക ജീവിതത്തിന്റെ ദാര്‍ശനികവശം കൂടി സിനിമ സംവദിക്കുന്നുണ്ട്. പൊട്ടിച്ചിതറുന്ന ഷെല്ലുകള്‍ക്കിടയില്‍, വര്‍ഷംപോലെ പെയ്യുന്ന ബുള്ളറ്റുകള്‍ക്ക് നടുവില്‍, താത്കാലിക അഭയം തേടുന്ന ട്രെഞ്ചുകള്‍ക്കുള്ളില്‍, മുറിവേറ്റ് വീഴുന്ന മണ്ണില്‍,  ആശുപത്രി കിടക്കകളില്‍, ക്യാമ്പിലെ അല്‍പമാത്ര ഉല്ലാസങ്ങളില്‍ എല്ലാം അവര്‍ തമാശകള്‍ പറയുന്നു. ജീവിതത്തിന്റെ കറുത്ത ഹാസ്യം.    
നോവലിസ്റ്റിന്റെ യഥാര്‍ത്ഥ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിലെ ചരിത്രത്തിലേക്കാണ്‌ നാം പോകുന്നതെങ്കിലും യുദ്ധങ്ങള്‍ അവസാനിക്കാത്ത കാലത്തോളം പഴക്കമേല്‍ക്കാത്ത ആശയമാണ്  സിനിമ പങ്കുവെക്കുന്നത്. യുദ്ധം ഭ്രാന്തമായൊരു സത്യമാണ്. മണ്ണിനെയും മനുഷ്യരെയും ജന്തുജീവിജാലങ്ങളെയും തുടച്ചുനീക്കുമ്പോഴും സ്വയം പോറലേല്‍ക്കാതെ കാലദേശങ്ങള്‍ മാറിമാറി യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണില്‍ ആരൊക്കയോ ഉടമ്പടികള്‍ ഒപ്പുവെക്കുമ്പോഴോ ഉടമ്പടികള്‍ ലംഘിക്കപ്പെടുമ്പോഴോ യുദ്ധം ചെയ്യേണ്ടി വരുന്ന നിസ്സഹായനായ പട്ടാളക്കാരന്‍.
സ്വന്തം ജീവന്‍ അടുത്ത നിമിഷത്തേക്ക് സംരക്ഷിച്ചു നിര്‍ത്തുക എന്നതിലുപരി തനിക്കെതിരെ വെടിയുതിര്‍ക്കുന്ന  ശത്രുസൈനികനോട് ഒരു പട്ടാളക്കാരന് എന്ത് വിരോധം? തന്റെ കയ്യാല്‍ കൊല്ലപ്പെടുന്ന ശത്രു സൈനികന് ഒരിറ്റ് വെള്ളം നല്‍കി പോള്‍ വേദനിക്കുമ്പോള്‍ യുദ്ധത്തിന്റെ നിരര്‍ത്ഥകതതയും മനുഷ്യത്ത്വമെന്ന മഹനീയ സന്ദേശവും പങ്കുവെക്കപ്പെടുന്നു. ഭരണകൂട താത്പര്യങ്ങള്‍ക്കപ്പുറം യുദ്ധം വ്യക്തികളുടെ മാത്രം നഷ്ടമാണെന്നതാണ് സിനിമയുടെ കാതല്‍. വ്യക്തിയില്‍ നിന്ന് കുടുംബങ്ങളിലേക്ക് പടരുന്ന നഷ്ടങ്ങളുടെ വ്യാപ്തി. യുദ്ധത്തിന് ഒന്നിനോടും സമരസപ്പെടാനാകില്ല. ആരോടും അനുകമ്പയില്ല. നിറഞ്ഞ പാത്രങ്ങള്‍ ഒഴിയുന്നു, അവ വീണ്ടും നിറയ്ക്കപ്പെടുന്നു. അതുപോലെ മുന്നണിയിലേക്ക് പുതിയ പട്ടാളക്കാര്‍ ഒഴുകുന്നു, ക്ഷണനേരംകൊണ്ട്  അവര്‍ അപ്രത്യക്ഷരാകുന്നു.
പട്ടാളക്യാമ്പിലെ പരാധീനതകളും, യുദ്ധമുന്നണിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന്‍ ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലാത്ത സൈനിക മേധാവികളും, അടിക്കടി ദേശസ്നേഹത്തെക്കുറിച്ച് വാചാലരായി യുവത്വത്തെ വഴിതെറ്റിക്കുന്ന പ്രാസംഗികരും, ഹോട്ടലിലും ബാറിലും ഇരുന്ന്‍ നേരമ്പോക്കിനായി യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന ബുദ്ധിജീവി വര്‍ഗ്ഗവും ഒക്കെ അതിര്‍ത്തികളില്ലാതെ ലോകത്തിനു പരിചിതമായ വിഷയങ്ങളാണ്. അതുതന്നെയാണ് All Quiet On Western Front എന്ന സിനിമയെ കാലാതിവര്‍ത്തിയാക്കുന്നതും.


No comments:

Post a Comment

Comments